കൊല്ലത്ത് വന്‍ ലഹരി മരുന്ന് വേട്ട; രണ്ടു കോടിയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി, മൂന്നുപേര്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്നുവേട്ട. ഏകദേശം രണ്ടുകോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ മാസം എട്ടാംതിയതി ആറ്റിങ്ങലില്‍നിന്ന് 103 കിലോ കഞ്ചാവും മൂന്നേകാല്‍ ലിറ്റര്‍ ഹാഷിഷ് ഓയിലും എക്സൈസിന്റെ സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് ടീം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ തുടരന്വേഷണത്തിലാണ് ഇന്നലെ ചവറയില്‍നിന്ന് ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്.
തൃശ്ശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2.25 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് ഇവരില്‍നിന്ന് പിടികൂടിയത്. സിറാജ് ചവറ കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് ടീമിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്.
അതേസമയം കൊല്ലത്തുനിന്ന് അഞ്ചുകിലോ കഞ്ചാവുമായി അജിമോന് എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അറസ്റ്റ്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ. അനില്‍ കുമാര്‍, എസ്.ഐ. മുകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.