മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വന്‍ ആയുധ ശേഖരം പോലീസ് പിടികൂടി. ആയുധങ്ങളും മയക്കുമരുന്നും ഉള്‍പ്പടെ 13 കോടി രൂപയുടെ വസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് എകെ47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. 80 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മുംബൈയില്‍ നിര്‍മിച്ചതും വിവിധ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്തതുമായ ആയുധങ്ങളാണ് ഇവയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത്- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.