കണ്ണൂരില്‍ വനിത ലീഗ് ജില്ലസെക്രട്ടറി രാജിവെച്ചു; സ്വതന്ത്രയായി മത്സരിക്കും
തലശേരി: വനിത ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറിയും തലശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ പി പി സാജിത ടീച്ചര്‍ മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചു. ചേറ്റംകുന്ന് വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ഇവര്‍ അറിയിച്ചു. ചേറ്റംകുന്ന് വാര്‍ഡിലെ നിലവിലുള്ള കൗണ്‍സിലറാണ്.
വാര്‍ഡിലെ ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് മത്സരിക്കുന്നതെന്ന് പി പി സാജിത പറഞ്ഞു. ചേറ്റംകുന്ന് വാര്‍ഡില്‍ ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കും. പൊറുക്കാനാവാത്ത നീതികേടാണ് നേതൃത്വം തന്നോട് കാട്ടിയത്. തദ്ദേശസ്ഥാപനങ്ങളില്‍ 15 വര്‍ഷമായവര്‍ മാറണമെന്നാണ് സംസ്ഥാന ലീഗ് നേതൃത്വം നിര്‍ദേശിച്ചത്. ഏഴരവര്‍ഷം മാത്രമാണ് കൗണ്‍സിലറായി പ്രവര്‍ത്തിച്ചത്. രണ്ട് തവണ ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചത്.
1999ല്‍ കുഴിപ്പങ്ങാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് ആദ്യജയം. വനിതനേതാവിന് സീറ്റ് നല്‍കാതെ തഴഞ്ഞതിനെതിരെ മുസ്ലിംലീഗില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പി പി സാജിതയുടെ രാജിയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാതിരിക്കാനുള്ള തീരുമാനവും. തലശേരിയിലെ പ്രൈംകോളേജ് അധ്യാപികയും സി എച്ച് സെന്റര്‍ ചീഫ് കോഓഡിനേറ്ററുമാണ്.