ഇബ്രാഹിംകുഞ്ഞിന്റേത് മലപ്പുറത്തെ ലീഗുകാരെ പോലും അമ്പരപ്പിച്ച രാഷ്ട്രീയ വളർച്ച; വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ, ലീഗിൽ സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: എം സി ഖമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലാകുന്നതോടെ മുസ്ലീം ലീഗ് നേതാക്കളുടെ നെഞ്ചിടിപ്പ് ഏറുകയാണ്. പ്ലസ് ടു അഴിമതി കേസിൽ ആരോപണ വിധേയനായ കെ എം ഷാജിയാണ് അന്വേഷണ ഏജൻസികളുടെ അടുത്ത ഉന്നമെന്ന് മറ്റാരെക്കാളും നന്നായി ലീഗ് നേതൃത്വത്തിന് അറിയാം. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിനെതിരെയുളള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ലീഗ് നേതാക്കളെ പിന്നോട്ട് വലിക്കുന്നത് ഈ ബോദ്ധ്യം തന്നെയാണ്. ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധിയിൽ പാർട്ടി ചെന്നുപെട്ടിരിക്കുന്നത്.എം കെ മുനീറും നാലകത്ത് സൂപ്പിയും അടക്കമുളള ലീഗ് നേതാക്കൾ അഴിമതിയാരോപണങ്ങൾ നേരിട്ടിരുന്നുവെങ്കിലും ഇത്രയും ഗുരുതരമായ കേസ് മന്ത്രിയായിരുന്ന ഒരു നേതാവിനെതിരെ ഉണ്ടാകുന്നത് ഇതാദ്യമായാണ്. തന്റെ വിശ്വസ്തരായ ഖമറൂദ്ദീനും ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് കുഞ്ഞാലിക്കുട്ടിയെ ചെറുതായൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിൽക്കെയുളള രണ്ട് അറസ്റ്റും നിയമസഭ തിരഞ്ഞെടുപ്പ് നയിക്കാൻ നിൽക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് ഇബ്രാഹിം കുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയിൽ നിന്ന് ലീഗ് പരിഗണിച്ചേയില്ല എന്നത് പാർട്ടിയ്ക്കത്തെെ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. 2005ൽ രണ്ടാം വട്ടം ഐസ്ക്രീം കേസ് വിവാദമായപ്പോൾ ഗതികെട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്ക്കേണ്ടി വന്നിരുന്നു. അന്ന് ആ കസേരയിലിരിക്കാൻ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുത്തത് ആദ്യമായി നിയമസഭയിലെത്തിയ ഇബ്രാഹി കുഞ്ഞിനെയാണ്. മലബാറിന് പുറത്തു നിന്നുളള പുതുമുഖത്തെ മന്ത്രിയായി അവരോധിച്ചത് അന്ന് ലീഗിലെ പല പ്രമുഖരേയും അമ്പരപ്പിച്ചിരുന്നു.2011ൽ അധികാരമേറ്റ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എം കെ മുനീറിനെപ്പോലുളള പ്രമുഖരെ തഴഞ്ഞാണ് ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിക്കസേരയിൽ എത്തിയത്. കുഞ്ഞാലിക്കുട്ടിയുടേയും പാണക്കാട് കുടുംബത്തിന്റേയും എല്ലാവിധ പിന്തുണയോടെയും കൂടിയാണ് രണ്ടാമതും ഇബ്രാഹിം കുഞ്ഞ് മന്ത്രി കസേര സ്വന്തമാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി കീറി മുറിച്ച് അന്ന് എം കെ മുനീറിനെ മൂലയ്ക്കിരുത്താനും കുഞ്ഞാലിക്കുട്ടി മറന്നില്ല.മലബാറിന് പുറത്തെ അധികാരകേന്ദ്രമായി വളർന്ന ഇബ്രാഹിംകുഞ്ഞ് ഉമ്മൻചാണ്ടി മന്ത്രിസഭയിലെ പേരെടുത്ത മന്ത്രിയായി. ഒരു സമയത്ത് സ്വകാര്യ ചാനലിന്റെ ബെസ്റ്റ് മിനിസ്റ്റർ അവാർഡ് വരെ തേടിയെത്തി. എന്നാൽ അന്നു മുതലേ ഇബ്രാഹിംകുഞ്ഞിന്റെ പല തീരുമാനങ്ങൾക്ക് എതിരേയും ലീഗിനകത്ത് പലർക്കും മുറുമുറുപ്പുണ്ടായിരുന്നു. പൊതുമരാത്ത് വകുപ്പിലെ റോഡ്, പാലം നിർമ്മാണങ്ങളെ കുറിച്ചായിരുന്നു പ്രധാന ആക്ഷേപങ്ങൾ.എം എസ് എഫും യൂത്ത് ലീഗും വഴി കൊച്ചിയിലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിലുളള പ്രവർത്തനത്തിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് മട്ടാഞ്ചേരി മേഖലയിലെ പ്രമുഖനായി വളർന്നത്. ടി എ അഹമ്മദ് കബീറിനെപ്പോലുളള ആശയ അടിത്തറയുളള നേതാക്കളെ അവഗണിച്ചാണ് ലീഗ് ഇബ്രാഹിംകുഞ്ഞിന് പലപ്പോഴും അവസരം നൽകിയത്.തിരിഞ്ഞു നോക്കുമ്പോൾ രാഷ്ട്രീയമായി പരിക്ക് ലീഗിനാണ്. പക്ഷേ അഴിമതി നടന്നുവെന്ന് ആക്ഷേപിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിൽ യു ഡി എഫ് ഭരിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാക്കൾക്കും ആരോപണങ്ങളിൽ നിന്ന് കൈകഴുകി രക്ഷപ്പെടാനാകില്ല. ഷാജിക്കെതിരെയുളള അന്വേഷണമാണ് തിരഞ്ഞെടുപ്പ് അടുക്കുന്തോറും യു ഡി എഫ് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. സോളാറും ബാർക്കോഴയിലെ പുതിയ വെളിപ്പെടുത്തലും പി ടി തോമസിന് എതിരായ വിജിലൻസ് അന്വേഷണവും എല്ലാം പിന്നാലെയുണ്ട്.