ഫേസ്ബുക്ക് പ്രണയത്തിൽ മുങ്ങിയ യുവതി വിവാഹിതയായി തിരിച്ചെത്തി
കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ യുവതി വിവാഹിതയായി തിരിച്ചെത്തി. ഹൊസ്ദുർഗ്ഗ് ശ്രീകൃഷ്ണ മന്ദിർ റോഡിൽ മാലിനിയുടെ മകൾ ദിവ്യയാണ് 27, എറണാകുളം സ്വദേശി ഉദയകുമാറിനെ 39, വിവാഹം കഴിച്ച് കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത്. കഴിഞ്ഞ 9-നാണ് ദിവ്യയെ കാണാതായത്. സ്വകാര്യ സ്കൂളിൽ ജീവനക്കാരിയായ മകളെ കാണാനില്ലെന്ന മാലിനിയുടെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തിരുന്നു. എസ്ഐ, വി. മാധവന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിവ്യ കാമുകനൊപ്പം എറണാകുളത്തുള്ളതായി കണ്ടെത്തിയത്.
പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ദിവ്യ ഉദയകുമാറിനൊപ്പം പോലീസിൽ ഹാജരായി. ഫേസ്ബുക്കിൽ പരിചയപ്പെട്ട ഉദയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തിൽ വിവാഹിതരായതായി യുവതി പറഞ്ഞു. പന്തൽ തൊഴിലാളിയാണ് ഉദയകുമാർ. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിവ്യയെ കോടതി സ്വന്തം ഇഷ്ടത്തിന് കാമുകനൊപ്പം വിട്ടു.