കാസറഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസ് സിബിഐക്ക് വിട്ടു. അന്വേഷണസംഘത്തിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ഈ തീരുമാനമെടുത്തത്. വിശ്വാസ്യതയില്ലാത്ത അന്വേഷണമാണ് കേസിൽ നടന്നതെന്ന് കോടതി പറഞ്ഞു. സാക്ഷികളെക്കാൾ പൊലീസ് വിശ്വാസത്തിലെടുത്തത് പ്രതികളെയാണെന്ന് കോടതി പറഞ്ഞു. ഫോറൻസിക് സർജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി പറഞ്ഞു.
മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചത്. ആരോപണ വിധേയരായ സിപിഎം നേതാക്കളെ പരാമർശിക്കാതെയായിരുന്നു റിപ്പോർട്ട്. കേസിലെ പ്രതി സജി ജോര്‍ജ്ജിനെ കെവി കുഞ്ഞിരാമന് സഹായിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ നേതൃത്വത്തിന് കല്യോട്ടെ കോണ്‍ഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം അടുപ്പമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാർ സമർപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.