ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ; മുൻകൂർ ജാമ്യാപേക്ഷക്കും നീക്കം
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് സംഘം ലേക്ഷോർ ആശുപത്രിയിലെത്തി. തദേശ തിരിഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം. ഇന്നലെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇബ്രാഹിംകുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായാണ് അറിയുന്നത്. അങ്ങനെ വന്നാൽ ഇന്ന് അറസ്റ്റുണ്ടാകാനുളള സാദ്ധ്യത കുറവാണ്. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത് എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.അതേ സമയം ഇബ്രാഹിംകുഞ്ഞ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുളള തയാറെടുപ്പിലാണ് എന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്ന പക്ഷം അതിൽ കോടതി തീരുമാനം ഉണ്ടായ ശേഷമേ അറസ്റ്റിനുളള സാദ്ധ്യതയുളളൂ. ഇബ്രാഹിംകുഞ്ഞിനെതിരായ അടിയന്തര നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് യു ഡി എഫ് നേതാക്കളുടെ പ്രതികരണം.ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ തിരികെ മടങ്ങി. ക്രമസമാധാന പ്രശ്നങ്ങൾ നോക്കാൻ വേണ്ടിയാണ് വന്നതെന്നും വിജിലൻസ് സംഘം ആവശ്യപ്പെട്ടിട്ടല്ല തങ്ങൾ എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.