പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിന് പെണ്‍കുട്ടിയെ ചുട്ടുകൊന്നു:അമ്മാവനും കൂട്ടാളികളും അറസ്റ്റില്‍
ലക്നൗ: പീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ച പെണ്‍കുട്ടിയെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് അമ്മാവനുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.ആഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ മാമ്പഴത്തോട്ടത്തില്‍ കാവല്‍ നില്ക്കാന് എത്തിയ ഒരാളാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. അന്വേഷണം നടത്തിയ പൊലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുളളവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇതിനിടെ കേസില്‍ നിന്ന് പിന്മാറണമെന്നും പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അമ്മാവനും രംഗത്തെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നും ഭീഷണി തുടര്‍ന്നു.കഴിഞ്ഞചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ പൊളളലേറ്റനിലയില് വീടിന് സമീപത്ത് കണ്ടത്. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. പെണ്‍കുട്ടി മരിച്ചതോടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായെന്ന് കണ്ടതോടെ രണ്ട് പൊലീസുകാരെ സസ്പെന്‍ഡുചെയ്തു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.