രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസ് കെ. മാണിക്ക് ടേബിള്‍ ഫാന്‍, ജോസഫിന് ചെണ്ട
തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് മരവിപ്പിച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും ഈ ചിഹ്നം ഉപയോഗിക്കാന്‍ കഴിയില്ല. ജോസഫ് വിഭാഗത്തിന് ചിഹ്നം ചെണ്ടയാണ്. ജോസ് വിഭാഗത്തിന് ടേബിള്‍ഫാനും ചിഹ്നമായി അനുവദിച്ചു.മുന്‍പ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു. ഇന്നാല് ഇതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനം മരവിപ്പിച്ചു. കമ്മീഷന്റെ നിയമവിരുദ്ധമായ നടപടിയാണെന്ന് കാണിച്ച് നല്കിയ ഹര്‍ജിയിലാണ് തീരുമാനം. കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഇരുവിഭാഗവും മേല്‍ക്കൈ നേടാനായി ആരംഭിച്ച തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ നടപടി വരെയുണ്ടായി. തുടര്‍ന്ന് എല്‍.ഡി.എഫിലെത്തിയ ജോസ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇനി ജനവിധി തേടുക ടേബിള്‍ഫാന്‍ ചിഹ്നത്തിലാകും. കോട്ടയം,ഇടുക്കി, എറണാകുളം ജില്ലകളില്‍ ജോസ് വിഭാഗത്തിന്റെ വോട്ട് ഇടത് മുന്നണിയ്ക്ക് വളരെ പ്രധാനമാണ്.