അഴിമതിയും കൊളളയും മറയ്ക്കാൻ കളളം പറയുന്നു, മസാല ബോണ്ടിൽ കമ്മിഷൻ ആർക്കൊക്കെ കിട്ടിയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ ചട്ടങ്ങൾ ലംഘിച്ച ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോർട്ടെന്ന് മന്ത്രി തെറ്റിദ്ധരിപ്പിച്ചു. മസാല ബോണ്ട് വഴി സംസ്ഥാനത്ത് നടന്നത് കളളക്കച്ചവടം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മസാല ബോണ്ടിൽ ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതാണ്. ഒർജിനലും കരടും കണ്ടാൽ അറിയാത്ത ആളാണോ ധനമന്ത്രിയെന്ന് ചോദിച്ച ചെന്നിത്തല അഴിമതിയും കൊളളയും മറയ്ക്കാനാണ് ഐസക്ക് കളളം പറയുന്നതെന്നും തുറന്നടിച്ചു.ധനമന്ത്രി പറയുന്നത് കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. നാല് ദിവസം കരട് റിപ്പോർട്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ അന്തിമ റിപ്പോർട്ടാണെന്നാണ് പറയുന്നത്. റിപ്പോർട്ടിന്റെ കോപ്പി പ്രതിപക്ഷത്തിന് കൂടി തന്നിട്ട് ധനമന്ത്രി സംസാരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.വികസനത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ പേടിപ്പിക്കേണ്ട. കിഫ്ബി ഇല്ലാതെയും ഇവിടെ വികസനം നടന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ശിവശങ്കർ മുഖ്യമന്ത്രിയെ സംരക്ഷിക്കാനുളള വ്യഗ്രതയിലാണ്. ശിവശങ്കറെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ശിവശങ്കറും സംരക്ഷിക്കുകയാണ്. കോടതിയിൽ കളളം പറഞ്ഞ് ശിവശങ്കർ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ക്ഷണിച്ച് കൊണ്ടു വന്നിട്ട് കേന്ദ്ര ഏജൻസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുളള കൂട്ടുകച്ചവടം സംസ്ഥാനത്ത് നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇന്ന് കേരളം മുഴുവൻ കേൾക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.