ദീപാവലിക്കിടെ പടക്കത്തില്‍ നിന്ന് തീ പടര്‍ന്നു; ബി.ജെ.പി. എംപിയുടെ കൊച്ചു മകള്‍ പൊള്ളലേറ്റ് മരിച്ചു
ലഖ്നൗ: ബി.ജെ.പി.എം.പി. റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകള്‍ പൊള്ളലേറ്റ് മരിച്ചു. ദീപാവലി ദിവസം രാത്രിയാണ് സംഭവം. റീത്തയുടെ മകന് മായങ്ക് ജോഷിയുടെ ആറുവയസ്സുകാരിയായ മകളാണ് മരിച്ചത്. റീത്തയുടെ പ്രയാഗ്രാജിലെ വസതിയിലാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദീപാവലി ദിവസം രാത്രി കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വീടിന്റെ ടെറസിലേക്ക് പോയതായിരുന്നു കുട്ടി. പടക്കത്തില്‍നിന്ന് തീ കുട്ടിയുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചില് ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിനു ശേഷമാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ എയര്‍ ആംബുലന്‍സ് മാര്‍ഗം ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിനും മുന്‍പേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.