ബിഷപ്പ് കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണം
പത്തനംതിട്ട: ബിഷപ്പ് കെ പി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും നേരത്തെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലീവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുപ്പതോളം പേപ്പര്‍ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷം എഫ് സി ആര് ഐ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്കും അധികൃതര്‍ നീങ്ങുമെന്ന് സൂചനയുണ്ട്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയേക്കും.