സി പി എമ്മിനെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വി.എസ്സിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം മത്സരിക്കും
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന് സ്വതന്ത്രനായി സി.പി.എം. സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കും. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ലതീഷ് പത്രിക നല്കി.
പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി വെറുതെവിട്ടിരുന്നു. 2006-ല്‍ വി.എസിന് സീറ്റു നിഷേധിച്ചപ്പോള്‍ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചുവെന്നാരോപിച്ചാണ് ലതീഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പില്ക്കാലത്താണ് സ്മാരകം കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലാണ്.