അമൃത ആര്യയെ വിളിച്ചത് മറ്റൊരാളുടെ ഫോണിൽ, പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക്
കൊല്ലം: പെൺകുട്ടികളെ മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ്. ആര്യയും അമൃതയും തമ്മിലുള്ള വേർപിരിയാനാവാത്ത ഉറ്റസൗഹൃദം ജീവനൊടുക്കാൻ കാരണമായെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നാണ് വിശദമായി അന്വേഷിക്കുക. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമൃത തന്റെ ഫോണെടുത്തിരുന്നില്ല. അന്ന് രാവിലെ 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു പയ്യന്റെ ഫോൺ വാങ്ങിയാണ് ആര്യയെ വിളിച്ചത്. അന്നുരാവിലെ 11ഒാടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാൻഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ഇവിടെ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവർ ബസ് മാർഗം പോയെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിൽ ഏതാനും മിനിട്ട് ആര്യയുടെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച്ഡ് ഓഫായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവർ എവിടെ തങ്ങിയെന്നത് സംബന്ധിച്ച് പൊലീസിനും വ്യക്തതയില്ല.മറ്റ് കൂട്ടുകാരുമായി അടുത്ത സൗഹൃദമില്ലആര്യയുടെയും അമൃതയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇവർ തമ്മിൽ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്. സഹപാഠികളായ പെൺകുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇവർക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.മകളുടെ വിവാഹം നടത്താനെത്തി, പക്ഷേ…കൊല്ലം: മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തോടെ ഗൾഫിൽ നിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയ അഞ്ചൽ അറയ്ക്കൽ അനുവിലാസത്തിൽ അനിൽകുമാറിന് മകളുടെ വിയോഗം താങ്ങാനാവാത്ത നഷ്ടമാണ്. മേശിരിപ്പണിക്കാരനായ അനിൽകുമാർ കഴിഞ്ഞമാസം 28നാണ് നാട്ടിലെത്തിയത്. ഡിഗ്രി കഴിഞ്ഞ മൂത്തമകൾ അമൃതയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മനസുനിറയെ. രണ്ടാഴ്ചത്തെ ക്വാറന്റൈൻ വാസത്തിന് ശേഷം പുറത്തിറങ്ങി ഗ്രഹനില തയ്യാറാക്കി വിവാഹാലോചനകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതിന് പിന്നാലെയാണ് മകളുടെ വിയോഗം അനിൽകുമാറിനും കശുഅണ്ടി തൊഴിലാളിയായ ഭാര്യ ഓമനയ്ക്കും കനത്ത ആഘാതമായത്. മകൾ ജീവനോടെയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അനിലും ഭാര്യ ഓമനയും ഇളയമകളായ പ്ളസ് ടു വിദ്യാർത്ഥിനി അഖിലയും ഞെട്ടലിലാണ്.