ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച ഹണിട്രാപ്പിന്റെ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയും ഒരു പെണ്‍കുട്ടിയുമായുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വീഡിയോ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇത്തരത്തിലുള്ള സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീഡിയോദൃശ്യങ്ങളും സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും അന്വേഷണസംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തി വരികയാണ്. ആരതി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(38), ഓം പ്രകാശ് കോറി(45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നാലായിരത്തോളം ഫയലുകളാണ് കേസില്‍ അറസ്റ്റിലായവരുടെ ലാപ്ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികളുമായുള്ള സെക്സ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.മെമ്മറി കാര്‍ഡുകളില്‍നിന്ന് സംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്‍ഡോര്‍ സ്വദേശിയായ എഞ്ചിനീയര്‍ നല്കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്ത് വന്നത്.