അമ്മയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന സഹോദരിമാരെ ആറംഗ സംഘം ബലാൽസംഗം ചെയ്തു
സിൽചർ: കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന സഹോദരിമാരെ ആറുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടികൾ ത്രിപുര സ്വദേശിനികളാണ്. അമ്മ ചികിത്സയിൽ കഴിയുന്ന കച്ചർ കാൻസർ ആശുപത്രിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ടാക്സിയിൽ കയറിയ ഇവരെ ടാക്സി ഡ്രൈവറും ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്നയാളും ചങ്ങാതിമാരായ നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കരിംഗഞ്ജ് എന്ന സ്ഥലത്ത് പണി നടക്കുന്ന ഒരു കെട്ടിടത്തിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്നും ഒരാളെ പിടികിട്ടാനുണ്ടെന്നും കരിംഗഞ്ജ് എസ്.പി മയാംഗ് കുമാർ പറഞ്ഞു.സംഭവത്തിന് ശേഷം ഇവരുടെ പണവും, മൊബൈൽഫോണുകളും മറ്റ് വിലപിടിപ്പുളള വസ്തുക്കളും തട്ടിയെടുത്ത ടാക്സി ഡ്രൈവറും സംഘവും സ്ഥലംവിട്ടു. പീഡനത്തിനിരയായവരെ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കരിംഗഞ്ജ് പൊലീസ് അറിയിച്ചു.