അവിഹിതത്തിന് ഭർത്താവ് തടസം, ‘സുന്ദര നിമിഷങ്ങൾ’ സ്വപ്നം കണ്ട് കൊലപ്പെടുത്തി, തെളിവുകളെല്ലാം നശിപ്പിച്ചിട്ടും കമിതാക്കൾ അഴിക്കുള്ളിലായത് ഇങ്ങനെ …
കാസർകോട്:കർണാടക രാമപൂർ സ്വദേശിയും തലപ്പാടി ദേവിപുരയിൽ താമസക്കാരനുമായ ഹനുമന്തയെ (35) കൊലപ്പെടുത്തിയ കേസിൽ ഭാര്യ റായിബാഗ് സ്വദേശി ഭാഗ്യശ്രീ (25) കാമുകനും രാംപൂർ ഹിരേക്കോപ്പ സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ അല്ലാസാബ് ( 23) എന്നിവരെ മഞ്ചേശ്വരം ഇൻസ്പെക്ടർ എം. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊഴികളിൽ ഉണ്ടായ വൈരുദ്ധ്യമാണ് കൊലപാതകം തെളിയിച്ചത്.ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.ഭാഗ്യശ്രീയുടെ മൊബൈൽ ഫോണിൽ നിന്നാണ് അല്ലാസാബിനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചത്. നാളുകളായി തുടരുന്ന തങ്ങളുടെ അവിഹിത ബന്ധത്തിന് തടസമായി നിൽക്കുന്ന അംഗപരിമിതനായ ഹനുമന്തയെ ഇരുവരും ചേർന്ന് ആസൂത്രിതമായി വകവരുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.വീട്ടിൽ വച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആറ് കിലോമീറ്ററോളം ബൈക്കിൽ കെട്ടിവലിച്ചുകൊണ്ടുപോയി കർണ്ണാടക അതിർത്തിയിലെ റോഡരുകിൽ തള്ളിയ ശേഷം വാഹനാപകടം ആണെന്ന് വരുത്തി തീർക്കുകയായിരുന്നു. ഈ മാസം അഞ്ചിന് പുലർച്ചെ തലപ്പാടി ദേവിപുരയിലെ വീട്ടിൽവച്ചാണ് ഹനുമന്തയെ കൊലപ്പെടുത്തിയത്.കൊവിഡ് ടെസ്റ്റിന് ശേഷം ഇരുവരെയും കാസർകോട് കോടതിയിൽ ഹാജരാക്കും. മഞ്ചേശ്വരം എ എസ് ഐ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ മനു, സന്തോഷ് ജോൺ, ഉദ്ദേശ്, പ്രവീൺ, കാസർകോട് ഡിവൈ. എസ്. പി. പി ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണൻ, നാരായണൻ, ലക്ഷ്മി നാരായണൻ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.