തിരുവനന്തപുരം: അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി.ജി രാജഗോപാലും അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ്ബാബുവും,വട്ടിയൂര്‍ക്കാവില്‍ എസ്.സുരേഷും മത്സരിക്കും
കുമ്മനം മത്സരിക്കേണ്ടതില്ല എന്ന തീരുമാനമാണ് ഒടുവില്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷിലേക്ക് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കുമ്മനം തിരുവനന്തപുരത്ത് പരാജയപ്പെട്ടത്. ഒ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ ലഭിച്ച ലീഡ് നിലനിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചിരുന്നില്ല.
യുഡിഎഫും എല്‍ഡിഎഫും ചെറുപ്പക്കാരായ സ്ഥാനാര്‍ഥികളെയാണ് മത്സരരംഗത്തിറക്കിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുരേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
കുമ്മനം മത്സരിക്കുന്നതില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു.വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെയാകും മത്സരിക്കുകയെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കുമ്മനത്തിന് വേണ്ടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രചാരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് കെ. സുരേന്ദ്രനെ കോന്നിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.