കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലെ മുസ്ലിം ലീഗ് ഇടപെടലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
ഇന്ത്യന്‍ ഹൃദയഭൂമയില്‍ ലീഗ് മണ്ണിട്ട് മൂടപ്പെട്ട സ്ഥിതിയിലാണ്. ലീഗ് രാഷ്ട്രീയം പറയാതിരുന്നാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ മറക്കും. ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് മാത്രം രാഷ്ട്രീയമുണ്ടാക്കാനാകില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുണ്ടാക്കിയ നേട്ടം സ്വാഭാവികമാണ്. ഖാഇദെ മില്ലത്തും സേഠ് സാഹിബും മുസ്ലിം രാഷട്രീയത്തിന്റെ പ്രതീകമായിരുന്നു. ഇപ്പോഴത് ഉവൈസിയുടെ കൈകളിലേക്ക് പോവുകയാണെന്നും ലേഖനത്തില്‍ നൗഷാദ് മണ്ണിശ്ശേരി പറയുന്നു.അസദുദ്ദീന്‍ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചുവെന്ന് എന്ത് അര്‍ഥത്തിലാണ് പറയുന്നത്. സ്വപ്രയത്നത്താല്‍ അഞ്ചു സീറ്റ് നേടിയ എ.ഐ.എം.ഐ.എമ്മിന്റെ സ്വാധീനം മനസിലാക്കി കോണ്‍ഗ്രസും ആര്.ജെ.ഡിയും നേതൃത്വം നല്കുന്ന മുന്നണിയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി ഉവൈസിയുടെ അധ്വാനം മഹാസഖ്യത്തിനു കരുത്തുപകരുന്ന തരത്തിലേക്ക് വഴിതിരിച്ചു വിടാത്തതിന്റെ ഉത്തരവാദികള്‍ ആരാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തുമ്പോഴാണ് മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുക. കരയ്ക്കു കയറിനിന്ന് ന്യായം പറഞ്ഞും മാറിനില്‍ക്കുന്നതിനെ മഹത്വവല്‍ക്കരിച്ചും മുന്നോട്ടുപോകാന്‍ സാധ്യമല്ല. അസദുദ്ദീന്‍ ഉവൈസിക്ക് ഇത്രത്തോളം എത്താന്‍ കഴിയുന്നിടത്ത് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങള്‍ നേടിയെടുത്ത ഖാഇദേ മില്ലത്തിന്റെ പ്രസ്ഥാനം നോക്കിനില്‍ക്കേണ്ടി വരിക എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.’- ലേകനത്തില്‍ നൗഷാദ് ചൂണ്ടാക്കാട്ടുന്നു.
അതേസമയം ലേഖനം വിവാദമായപ്പോൾ വിശദീകരണവുമായി നൗഷാദ് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ആരുടെ തലച്ചോറിൽ നിന്നാണ് ഈ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളാണ് എന്ന വാദം ഉയർന്നു വന്നതെന്ന് മനസ്സിലാകുന്നില്ല എന്നാണ് നൗഷാദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്..
ഫേസ്ബുക്ക് പോസ്റ്റിന് പൂർണരൂപം ഇങ്ങനെ…
നിരീക്ഷണങ്ങളെ വിമർശനങ്ങളായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരം
നൗഷാദ് മണ്ണിശ്ശേരി
ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പത്രത്തിൽ ഞാനെഴുതിയ അത്യാവശ്യം സുദീർഘമായ ഒരു ലേഖനത്തിൽ പങ്കുവെച്ച എന്റെ ചില നിരീക്ഷണങ്ങൾ വരികൾക്കിടയിൽ നിന്ന് അടർത്തിയെടുത്ത് അത് ‘മുസ്ലിംലീഗ് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി’ എന്ന തരത്തിൽ വാർത്ത നൽകിയത് തികച്ചും ദുരുപദിഷ്ടമാണ്.
ആരുടെ തലച്ചോറിൽ നിന്നാണ് ഈ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളാണ് എന്ന വാദം ഉയർന്നു വന്നത് എന്ന് മനസ്സിലാകുന്നില്ല. മുസ്ലിംലീഗ് പാർട്ടിയെടുക്കുന്ന എല്ലാ ക്രിയാത്മകമായ തീരുമാനങ്ങളും 100% ശരിയാണ് എന്ന വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും അതിന്റെ പ്രചാരകനുമായ ഒരു പാർട്ടി പ്രവർത്തകനാണ് ഞാൻ.
ക്രിയാത്മകമായി നടത്തിയ നിരീക്ഷണങ്ങളെ ഇത്തരത്തിൽ വളച്ചൊടിക്കുമ്പോൾ യഥാർത്ഥ വസ്തുതകളിൽ നിന്നും ലേഖകൻ ഉദ്ദേശിച്ച കാര്യങ്ങളിൽ നിന്നും വഴിതിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ചില പത്രങ്ങളും ചാനലുകളും നടത്തിയിട്ടുള്ളത്. നേതൃത്വത്തെ വിമർശിക്കുന്ന ഒരു പരാമർശവും അതിലില്ല. മാറിയ ദേശീയ സാഹചര്യത്തിൽ മുസ്ലിം ലീഗ് കൂടുതൽ സജീവമായി ഇടപെടണം എന്ന് പറയുന്നത് എങ്ങനെയാണ് നേതൃത്വത്തെ വിമർശക്കലായി ചിത്രീകരിക്കുക എന്ന് മനസ്സിലാകുന്നില്ല.
https://m.facebook.com/story.php?story_fbid=3230451690414446&id=100003489391260