മലപ്പുറം: മലപ്പുറം മുസ്ലീം ലീഗില്‍ കൂട്ട രാജി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നിരവധി ലീഗ് പ്രവര്‍ത്തകര്‍ ഇതിനകം രാജി കൈമാറി.
മുസ്ലീം ലീഗ് എസ്ടിയു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയുമായ കെകെ ഹംസ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചു. ശേഷം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം. എല്‍ഡിഎഫ് പിന്തുണയോടെയാണ് ഹംസ ജനവിധി തേടുന്നത്.
ഇതിന് പിന്നാലെ മേലാറ്റൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം കെപി ഉമ്മര്‍ ഉള്‍പ്പെടെ 20 ഓളം പേര് രാജി വെച്ചു. മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് രാജി.
ഇതിന് പുറമേ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1,5,6,3 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികളും രാജിവെച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന മുനിസിപ്പല്‍ ലീഗ് കമിറ്റി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടക്കം 26 ലധികം പേരുടെ കൂട്ട രാജി.