യു.എ.ഇയിലേക്ക് തിരിച്ച ബി.ആര്. ഷെട്ടിയെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു
ഭാര്യയെ യാത്ര തുടരാൻ അനുവദിച്ചു.
ദുബൈ: യു.എ.ഇയിലേക്ക് മടങ്ങാനുള്ള പ്രമുഖ വ്യവസായി ബി.ആര്. ഷെട്ടിയുടെ ശ്രമം ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ത്യയില്‍ വിവിധ കേസുകള്‍ നിലനില്‍ക്കുന്നതിലാണ് ഷെട്ടിയുടെ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാന്‍ അനുവദിച്ചു. ബംഗളുരുവില്‍ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് യാത്ര തടഞ്ഞത്.
സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര് ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഷെട്ടി പറഞ്ഞിരുന്നു.
കമ്പനിക്കും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കും. താന്‍ യു.എ.ഇയില്‍ നിന്ന് മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനാണ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയത്. എന്‍.എം.സിയിലും ഫിനാബ്ലറിലും എന്റെ കുടുംബത്തിെന്റ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ചിരുന്നു. തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നതെന്നും ഷെട്ടി പറഞ്ഞിരുന്നു. ഷെട്ടിയുടെ ഭാര്യയെ എന്‍.എം.സിയുടെ ചുമതലയില്‍ നിന്ന് പുറത്താക്കിയിരുന്നു.