15 വര്‍ഷംമുമ്പ് കാണാതായ മധ്യപ്രദേശിലെ ഷാര്‍പ് ഷൂട്ടറായ സബ് ഇന്‍സ്പെക്ടറെ കണ്ടെത്തിയത് മനോനിലതെറ്റി യാചകനെപോലെ ഫുട്പാത്തില്‍
ഗ്വാളിയാര്‍ : 15 വര്‍ഷം മുമ്ബ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്ട്പാത്തില്‍ നിന്നും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് അവിചാരിതമായി ഇദ്ദേഹത്തെ കണ്ടെത്തിയത്. ഈ ആഴ്ച ആദ്യമാണ് മാനസിക വിഭ്രാന്തിയോട് കൂടിയ നിലയില്‍ തീര്‍ത്തും അസ്വസ്ഥമായ അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.
നിലവില്‍ മിശ്രയെ ഒരു എന്‍.ജി.ഒയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ‘ മികച്ച അത്ലറ്റും ഷാര്‍പ് ഷൂട്ടറുമായിരുന്ന മിശ്ര തോമറിനും ബഹദൂറിനുമൊപ്പം 1999ലാണ് പൊലീസിലെത്തിയത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മിശ്രയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു.
കുടുംബം ഇദ്ദേഹത്തിന് ചികിത്സ നല്കി വരുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായത്.
ഡി.എസ്.പിമാരായ രത്നേഷ് സിംഗ് തോമര്‍, വിജയ് സിംഗ് ബഹദൂര്‍ എന്നിവര്‍ ചൊവ്വാഴ്ച രാത്രി ഗ്വാളിയാറിലെ ഒരു കല്യാണ ഹാളിന് സമീപത്ത് കൂടി ഡ്രൈവ് ചെയ്ത് വരുന്നതിനിടെയാണ് ഫുട്പാത്തില്‍ യാചകനെ പോലെ തോന്നിക്കുന്ന ഒരാളെ കണ്ടത്. വിറയ്ക്കുന്ന ശരീരത്തോടെ അയാള്‍ അവിടെ ഉപേക്ഷിക്കപ്പെട്ട ഭക്ഷണ പൊതികള്‍ക്കിടെയില്‍ പരതുന്നുണ്ടായിരുന്നു.
പൊലീസുകാര്‍ ചേര്‍ന്ന് അയാളുടെ അടുത്തേക്കെത്തുകയും ധരിച്ചിരുന്ന ജാക്കറ്റ് ഊരി നല്‍കുകയും ചെയ്തു. ഇതിനിടെ അയാള്‍ പൊലീസുദ്യോഗസ്ഥരുടെ പേര് വിളിച്ചതോടെ അവര്‍ ഞെട്ടി. 2005ല്‍ ദാത്തിയയില്‍ ഇന്‍സ്പെക്ടര്‍ ആയി പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കാണാതായ തങ്ങളുടെ സഹപ്രവര്‍ത്തകനായ മനീഷ് മിശ്രയാണിതെന്ന് ഇരുവരും തിരിച്ചറിയുകയായിരുന്നു.