ന്യൂഡല്‍ഹി: സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജന്‍സിക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതി. പോലീസില്‍ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിത്. ജസ്റ്റിസുമാരായ എന്‍.വി.രമണ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
സിബിഐ ദൈവമല്ല. അവര്‍ക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കുന്നില്ലെന്നും കോടതി അറിയിച്ചു. ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്പിച്ചത്. 2017-ലാണ് കേസ് സിബിഐക്ക് കൈമാറിയത്.
കേസിന്റെ അന്വേഷണം പോലീസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്ന് സിബിഐയും കോടതിയെ അറിയിക്കുകയുണ്ടായി. സിബിഐയുടെ ഈ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്നും. ഇതുപോലെ മറ്റെല്ലാ കേസുകളും സിബിഐക്ക് വിടാന്‍ തുടങ്ങിയാല്‍ അത് മൊത്തത്തില്‍ അലങ്കോലമാകും. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.