കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നു സിപിഎം ഭീഷണിയെന്ന് ആരോപണം
ചാവക്കാട്: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന് സിപിഎം നേതാക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അമിതമായി ഗുളിക കഴിച്ച നിലയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഇത് തെളിയിക്കുന്ന ശബ്ദസന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടു. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വവും വടക്കേക്കാട്ടുകര സ്വദേശിയായ പ്രവാസി വ്യവസായിയും ചേര്‍ന്ന് യുവതിക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.ഈ വ്യവസായി താത്കാലികമായി നല്കിയ മൂന്ന് സെന്റ് ഭൂമിയിലാണ് യുവതി താമസിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവിടെ നിന്ന് ഇറക്കി വിടുമെന്നും സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.