ഐസ്ക്രീമിൽ എലിവിഷം കലർത്തി സഹോദരിയെ കൊലപ്പെടുത്തിയ കേസ്,കുറ്റപത്രം സമർപ്പിച്ചു
കാഞ്ഞങ്ങാട് : ബളാൽ അരീങ്കല്ലിലെ ആൻ മരിയ (16) എലിവിഷം ഉളളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1000-ത്തോളം പേജുള്ള കുറ്റപത്രമാണ് ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ചത്. സഹോദരൻ ആൽബിൻ ഐസ്ക്രീമിൽ വിഷം കലർത്തി ആൻ മരിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിതാവ് ബെന്നിയും മാതാവ് ബെസിയും ഉൾപ്പെടെ കുടുംബത്തെ ഒന്നാകെ വകവരുത്തി സ്വത്ത് കൈവശപ്പെടുത്തലായിരുന്നു ലക്ഷ്യമെന്നാണ് കുറ്റപത്രത്തിലുള്ളത്. നൂറോളം സാക്ഷികളുണ്ട്.
2020 ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. ജൂലായ് 30-ന് ഐസ്ക്രീമുണ്ടാക്കി പകുതിഭാഗം കുടുംബാംഗങ്ങളെല്ലാം ചേർന്ന് കഴിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച പകുതിയിൽ ആൽബിൻ എലിവിഷം കലർത്തി. ആൻ മരിയയും പിതാവും അടുത്ത ദിവസം ഇത് കഴിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇരുവരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബെന്നി കുറേദിവസം അത്യാസന്നനിലയിലായിരുന്നു. യൂട്യൂബിൽ ആൽബിൻ കൊലപാതകരീതികൾ തിരഞ്ഞത് പോലീസ് മനസ്സിലാക്കിയിരുന്നു.
ആൻ മരിയയുടെ ശവസംസ്കാര ചടങ്ങിലുൾപ്പെടെ ഭാവഭേദമില്ലാതെ പങ്കെടുത്ത ആൽബിൻ ആദ്യം മുതൽ സംശയത്തിന്റെ നിഴലിലായിരുന്നു. ആൽബിന്റെ വഴിവിട്ടബന്ധങ്ങളും ആഡംബരജീവിതമോഹവുമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വെള്ളരിക്കുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രേംദാസൻ, എസ്.ഐ. എം.വി. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.