ഏഷ്യാനെറ്റ് സ്ഥാപകൻ എന്നത് അഭിനന്ദനമാണോ ആരോപണമാണോ എന്ന ആശങ്കയാണ് ഇപ്പോൾ:
ചാനലുകൾ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു, തുറന്നടിച്ച് ശശികുമാർ
തിരുവനന്തപുരം : ചാനൽ മുറികളിൽ നടക്കുന്ന ചർച്ചകൾ റിയാലിറ്റി ഷോകൾക്ക് സമാനമായ ഹാസ്യനാടകമാണെന്ന് ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാൻമാനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപകൻ എന്നത് അഭിനന്ദനമാണോ ആരോപണമാണോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ അവസ്ഥയിൽ തോന്നുന്നതെന്നും ശശികുമാർ പറഞ്ഞു.
റേറ്റിങ് അടിസ്ഥാനമാക്കിയുള്ള ബിഗ് ബോസ് മത്സരം. ഒരടിസ്ഥാനവുമില്ലാത്ത കുറ്റം ആരോപിക്കുക, അതുതന്നെ നിരന്തരം പറഞ്ഞുപോകുക. ഇവയെല്ലാം പിന്നീട് തിരുത്തിയാലും ജനങ്ങൾ അതറിയണമെന്നില്ല. അവരുടെ മനസ്സിൽ ആ ആരോപണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇത് നല്ലതിനല്ല.
ചാനലുകൾക്ക് എല്ലാസമയത്തും ബ്രേക്കിങ് ന്യൂസുകൾ വേണം. ഏതൊരു ചെറിയ കാര്യവും ഊതിവീർപ്പിച്ച് പറയുക എന്നതാണവരുടെ രീതി. ഇങ്ങനെ നിരന്തരം ബ്രേക്കിങ് ന്യൂസുകൾ സംഭവിക്കുന്നതാണോ നമ്മുടെ ജീവിതം? ഫലത്തിൽ ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദ്രവിപ്പിക്കുന്ന സംഗതിയാണത്. മനഃപൂർവം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണവർ. മാധ്യമപ്രവർത്തനത്തിന്റെ ഭാവിതന്നെ ചോദ്യം ചെയ്യുന്ന കാലമെത്തി.
ഏഷ്യാനെറ്റിന്റെ സ്ഥാപകനല്ലെ നിങ്ങൾ എന്ന ചോദ്യം ഇപ്പോൾ കേൾക്കുമ്പോൾ, അത് അഭിനന്ദനമാണോ ആരോപണമാണോ എന്ന ആശങ്കയാണ് എനിക്കിപ്പോൾ. ഇന്ത്യൻ മാധ്യമങ്ങൾ മിക്കതും ‘ഗോഡി മീഡിയയായി’, അതായത് മോഡിയുടെ മടിയിലിരിക്കുന്ന മാധ്യമങ്ങൾ.
ഇതിനെ തിരുത്താൻ ജനങ്ങളുടെ നീക്കമുണ്ടാകണം. ഒരു സാമൂഹ്യപ്രശ്നമുണ്ടാകുമ്പോൾ ജനങ്ങൾ സ്വയം സംഘടിച്ച് മുന്നോട്ടുവരുന്നതുപോലെ, ഉപഭോക്താവ് എന്ന നിലയിൽ, സമൂഹത്തിന് ദോഷം ചെയ്യുന്ന സംഗതിയാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്ന തിരിച്ചറിവിൽ ജനങ്ങൾ സംഘടിച്ച് പ്രതിരോധിക്കണം എന്നാണ് എനിക്ക് തോന്നുന്നത് – ശശികുമാർ പറഞ്ഞു.