സ്വന്തം പണമെടുത്ത് നാടു നന്നാക്കി, തകര്‍ന്ന പാലം നന്നാക്കിയ നീലേശ്വരം മുന്‍ കൗണ്‍സിലര്‍ക്ക് 10 വര്‍ഷം കഴിഞ്ഞിട്ടുംപണം അനുവദിച്ചില്ല സി പി എമ്മില്‍ പുതിയ വിവാദം
നീലേശ്വരം: സ്വന്തം വാര്‍ഡിന്റെ വികസനത്തിന് കൈയില്‍നിന്ന് പണം ചെലവഴിച്ച കടിഞ്ഞിമൂല വാര്‍ഡ് മുന്‍ സി.പി.എം കൗണ്‍സിലര്‍ കെ.വി. അമ്പാടിക്ക് നഗരസഭ വാഗ്ദാനം നല്കിയ പണം നല്‍കാത്തത് വീണ്ടും വിവാദത്തിലേക്ക്.കടിഞ്ഞിമൂല മാട്ടുമ്മല്‍ നടപ്പാലം തകര്‍ന്നുവീണപ്പോള്‍ 2010ലെ നഗരസഭ ഭരിച്ച സി.പി.എം ചെയര്‍പേഴ്സനും ഇപ്പോഴത്തെ വൈസ് ചെയര്‍പേഴ്സനുമായ വി. ഗൗരിയുടെ ഭരണസമിതിയാണ് പാലം നന്നാക്കിയാല്‍ ഫണ്ട് അനുവദിക്കാമെന്നു പറഞ്ഞത്. ഇതുപ്രകാരം പാലം അറ്റകുറ്റപ്പണി ചെയ്യുമ്പോള്‍ ആളുകളെ മറുകരയിലെത്തിക്കാന്‍ കൂലിക്ക് തോണി ഏര്‍പ്പാടാക്കി സ്വന്തം കീശയില്‍നിന്ന് അമ്പാടി പണം നല്കി. പിന്നീട് തകര്‍ന്ന മാട്ടുമ്മല്‍ നടപ്പാലം സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
ഇതിനെല്ലാം ചെലവായ 1,59,700 രൂപയാണ് അമ്പാടിക്ക് കിട്ടാനുള്ളത്. 10 വര്‍ഷം നഗരസഭ ഭരിച്ച സി.പി.എം ഭരണസമിതി അതേ പാര്‍ട്ടിയിലെ കൗണ്‍സിലറോട് കാണിച്ച വഞ്ചന പൊറുക്കാന്‍ പറ്റാത്തതാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ പറയുന്നു. നീലേശ്വരം നിടുങ്കണ്ടയില്‍ കുമ്മായ കമ്പനി നടത്തുകയാണ് ഈ മുന്‍ നഗരസഭ കൗണ്‍സിലര്‍.