കാസര്‍കോട് തളങ്കരയില്‍ അനധികൃത കോവിഡ് ലാബ്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ആരോഗ്യവകുപ്പ്
കാസര്‍കോട്:കോവിഡ് ടെസ്റ്റിന് തളങ്കരയില്‍ അനധികൃത ലാബ്. വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചുകൊടുക്കുന്ന ഏജന്‍സിയായാണ് പ്രവര്‍ത്തനം. സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രി ജെഎച്ച്ഐമാരായ എ വി ശ്രീജിത്ത്, സി സി ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തളങ്കര പള്ളിക്കാലിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബിന് നഗരസഭയുടെയൊ ആരോഗ്യവകുപ്പിന്റെയൊ അനുമതിയില്ല. ടെക്നീഷ്യന്മാര്ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം പ്രിന്റെടുത്ത് നല്‍കുന്നതായും കണ്ടെത്തി. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ശേഖരിക്കുന്ന സ്രവം കോഴിക്കോടുള്ള സ്വകാര്യ ലാബിലേക്ക് അയച്ചു ഫലം ലഭ്യമാക്കുന്ന രീതിയാണ് നടക്കുന്നത്. പരിശോധനക്ക് ഈടാക്കുന്ന തുകയ്ക്ക് രസീതും നല്‍കുന്നില്ല.
ഉപ്പളയിലെ ഒരു ലാബിന്റെ പേരിലാണ് ഇവര്‍ സ്രവം പരിശോധനയ്ക്ക് അയക്കുന്നത്. ദിവസം അമ്പതിലേറെ പേരുടെ സ്രവം അയക്കുന്നതായാണ് വിവരം. ഒരാളില്‍നിന്നും 3000 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ കൂടുതലുള്ള പ്രദേശമാണ് തളങ്കര. കോവിഡ് കാലത്ത് ഇവരിലേറെപ്പേരും നാട്ടിലെത്തിയിരുന്നു. തിരിച്ചുപോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് മുതലെടുക്കുകയാണ് ലാബ് . മൂന്ന് ലാബ് ടെക്നീഷ്യന്മാരും ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്ററുമാണുള്ളത്.
ചില നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഇതിന് അനുമതി നല്‍കാനുള്ള നീക്കം തുടങ്ങിയിരുന്നു. വന്‍ സാമ്പത്തിക ഇടപാട് പിന്നിലുണ്ടെന്നും നഗരസഭാ ഹെല്‍ത്ത് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് സഹായം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.