ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ് മരിച്ചനിലയിൽ
ചെന്നൈ: ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ് മരിച്ച നിലയിൽ. ചെന്നൈയിലെ സോകാർപെറ്റ് പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഡാലി ചന്ദ് (74), ഡാലി ചന്ദിെൻറ ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരാണ് മരിച്ചത്. രാജസ്ഥാനിൽ നിന്ന് ചെന്നൈയിലെത്തിയതാണ് ഇവരുടെ കുടുംബം.
സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മകൾ മൂവരെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നുപേരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ചെന്നൈ പൊലീസ് കമീഷനർ മഹേഷ് കുമാർ പറഞ്ഞു.