സ്വർണ്ണ നിക്ഷേപ തട്ടിപ്പ്
ഖമറുദ്ദീൻ എം.എൽ.എ ക്കെതിരെ കണ്ണൂരിലും കേസ്
നടപടി കോടതി നിർദേശ പ്രകാരം.
കണ്ണൂർ: ഫാഷൻ ഗോൾഡിൽ നടന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ കണ്ണൂരിലും കേസ്. പയ്യാമ്പലം സ്വദേശി എം.കെ. ഭുവൻ രാജാണ് അഡ്വ.കെ. ഷാജു മുഖേന കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ പരാതി നൽകിയത്. കോടതി നിർദേശപ്രകാരമാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്്. എം.എൽ.എക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ടൗൺ പൊലീസ് കേസ് കൈമാറും.
എം.സി. ഖമറുദ്ദീൻ എം.എൽ.എ ഒന്നാം പ്രതിയായ കേസിൽ ഫാഷൻ ഗോൾഡ് എം.ഡി തായിലക്കണ്ടി പൂക്കോയ തങ്ങൾ രണ്ടും ജനറൽ മാനേജർ സൈനുൽ ആബിദീൻ മൂന്നും പ്രതികളാണ്. ഇവരെ ഭുവൻ രാജിന് പരിചയപ്പെടുത്തിക്കൊടുത്ത തോട്ടട കിഴുന്നപ്പാറയിലെ തവക്കൽ ഹൗസിൽ സൈനുദ്ദീൻ നാലാം പ്രതിയുമാണ്. ഖത്തറിൽ ജോലി ചെയ്തുവന്ന ഭുവൻ രാജ് 25 ലക്ഷം രൂപയാണ് ഫാഷൻ ഗോൾഡിൽ നിേക്ഷപിച്ചത്. പ്രതിമാസം 25,000 രൂപ അക്കൗണ്ടിൽ നൽകുമെന്നും എപ്പോൾ ആവശ്യപ്പെട്ടാലും നിേക്ഷപ തുക തിരിച്ചു നൽകുമെന്നും വിശ്വസിപ്പിച്ചതിനാലാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 25 ലക്ഷം രൂപക്കുള്ള റസീറ്റ് നൽകിയെങ്കിലും ബോണ്ടിൽ 23,75,000 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.