കമറുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടില്ല; കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകരുതെന്നും കോടതി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എംസി കമറുദ്ദീന് എംഎല്‍എയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹൊസ്ദുര്‍ഗ് കോടതി ഇത് അനുവദിച്ചില്ല. 30 കേസുകളില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം അറസ്റ്റിന് അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.
കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്ത്തകന് എന്ന നിലയിലല്ല കച്ചവടക്കാരന് എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്കി. എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ല. ദൈനംദിന കാര്യങ്ങളില്‍ ചെയര്മാന് പങ്കില്ല. എംഎല്‍എയെ സമൂഹത്തിന് മുന്നില്‍ താറടിക്കാനുള്ള ശ്രമമമാണ് കേസ്. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
കമറുദ്ദീന് ആസ്തി സംബന്ധിച്ച് വിവരങ്ങള്‍ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തുടര്‍ച്ചയായി കസ്റ്റഡിയില്‍ വേണ്ടത് അത്യാവശ്യമാണ്. 30 കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തണം. കമറുദ്ദീന് ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങി. കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. അവശേഷിക്കുന്ന കേസുകളില്‍ സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.