സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിര്‍ണായക മൊഴി നല്കി സ്വപ്ന; ശിവശങ്കര്‍ ഒരു ദിവസം കൂടി ഇ ഡി കസ്റ്റഡിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെയും നിര്‍ണായ മൊഴി നല്കി പ്രതിയായ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ കളളക്കടത്ത് വിവരങ്ങള്‍ അറിഞ്ഞിരുന്നു. എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അറിഞ്ഞത്.ശിവശങ്കറിനെതിരെ നിര്‍ണായകമായ വിവരങ്ങളാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. ശിവശങ്കറിന്റെ ടീം അറിഞ്ഞാണ് സ്വര്‍ണക്കടത്ത് നടന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ചാനലിലൂടെയുളള സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരങ്ങളറിയാമായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷയിലാണ് ഇ.ഡിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് മാത്രമല്ല ലൈഫ് മിഷന്, കെ-ഫോണ്‍ പദ്ധതികളിലെ അഴിമതികളെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി നല്കിയ അപേക്ഷയിലുണ്ട്. കേസില്‍ ശിവശങ്കരന്റെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി ഒരുദിവസം കൂടി നീട്ടി.