നടിയെ ആക്രമിച്ച കേസ്,മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് മുൻ മന്ത്രി ഗണേശ് കുമാറിന്റെ പി എ, സി സി ടി വി ദൃശ്യങ്ങള്‍ തെളിവാക്കി പോലീസ്
കാസര്‍കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നില്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന.മൊബൈല്‍ ഫോണ്‍ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി വിപിന്‍ലാല്‍ സഹ തടവുകാരനായിരുന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടന് ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിന്‍ലാല്‍ കോടതിയില്‍ നല്കിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതി. ഒരു മാസം മുമ്പാണ് പരാതി നല്‍കിയത്.പരാതി നല്‍കുന്നതിന് ഒരാഴ്ചമുമ്പാണ് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയത്. നേരത്തെയുണ്ടായിരുന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ വിപിന്‍ലാല്‍ ചങ്ങാനാശ്ശേരിയിലെ ഒരു ബന്ധുവിന്റെ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്നു. ഭീഷണി തുടര്‍തോടെ ബേക്കല്‍ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടില്‍ എത്തിയ വിപിന്‍ലാല്‍ ഭീഷണിക്കാരെ ഭയന്ന് ഒളിവില്‍ കഴിയും പോലെയാണ് ജീവിക്കുന്നത്. ബേക്കല്‍ എസ് ഐ ജോണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കുഞ്ഞികൃഷ്ണന്, ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.