സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തളളി തള്ളിയത് 87 ഹർജികൾ
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതിനെതിരെ നല്കിയ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തളളി. 87ഓളം ഹര്‍ജികളാണ് വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളെല്ലാം കോടതി തളളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തളളിയത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒരേ സീറ്റുകള്‍ സംവരണ സീറ്റായി നിര്‍ണയിച്ച നടപടികള്‍ക്കെതിരായാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ ഇനി വാര്‍ഡ് പുനര്‍നിര്‍ണയം പ്രയാസമാണെന്ന് കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുന്‍പ് പാലായിലും കാലടിയിലും ഓരോ സീറ്റുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മറ്റിടങ്ങളിലെ പരാതികളും കോടതിയിലെത്തിയത്.ഇപ്പോഴത്തെ സംവരണതത്വങ്ങള്‍ അടിസ്ഥാനമാക്കി 65 ശതമാനം വാര്‍ഡുകളും സംവരണ വാര്‍ഡായി എന്നും അന്‍പത് ശതമാനത്തിലധികം സംവരണ വാര്ഡുകളാകുന്നത് സംവരണ മാനദണ്ഡത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.വാര്‍ഡുകള്‍ സംവരണ വാര്ഡുകളാക്കുന്നതിലൂടെ പൊതുവിഭാഗത്തിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നത് അവസര നിഷേധമാണെന്ന് മുന്‍പ് ഹൈക്കോടതി ഉത്തരവുണ്ടെന്നും ഹര്‍ജിക്കാരുടെ വാദത്തിലുണ്ടായിരുന്നു.എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തളളി.