ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കും വാർത്താപോർട്ടലുകൾക്കും നിയന്ത്രണവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കും വാർത്താപോർട്ടലുകൾക്കും സർക്കാർ നിയന്ത്രണം. ഇനി മുതൽ ആമസോൺ, നെറ്റ് ഫ്ലിക്സ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രദർശനങ്ങൾ കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഇതോടെ ടി വി ചാനലുകൾക്കും പരമ്പരാഗത മാദ്ധ്യമങ്ങൾക്കും ബാധകമായ നിയന്ത്രണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കൂടി ബാധകമാകും.അതേസമയം ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങൾക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓൺലൈൻ വാർത്താ പോർട്ടലുകളും മറ്റും ആരംഭിക്കാൻ നിലവിൽ കാര്യമായ നിയമ നടപടികളൊന്നും പൂർത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.