കാസര്‍കോട്:ഗാന്ധി ജയന്തി പക്ഷാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 ന് പരവനടുക്കം ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തും. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്സൈസ്, കുടുംബശ്രീ, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, ജില്ലാ സാക്ഷരതാ മിഷന്, പട്ടികജാതി ,പട്ടിക വര്‍ഗ വകുപ്പ്, വനിതാ-ശിശു സംരക്ഷണ വകുപ്പ്,മോട്ടോര്‍-വാഹന വകുപ്പ്,സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ഗാന്ധിയന്‍ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിക്കും.ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഒക്ടോബര്‍ രണ്ടിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇതിന് തുടക്കമാകും.കെ എസ് ഇ ബി യുടെ കീഴില്‍ ജില്ലയിലുള്ള എല്ലാ ഓഫീസുകളും ശുചീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിന് ബോധവത്കരണം നടത്തും.സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ 65 തുടര്‍ വിദ്യാകേന്ദ്രങ്ങളും വൃത്തിയാക്കും.ഒക്ടോബര്‍ ആറിന് ഗാന്ധിജിയെ അറിയുക എന്ന പേരില്‍ പ്രമുഖ ഗാന്ധിയന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് സെമിനാര്‍ നടത്തും.പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 16 ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസിലെത്തും.നീലേശ്വരം നഗരസഭയുടെ കീഴില്‍ ക്ലീന്‍ ഗ്രീന്‍ നീലേശ്വരം പദ്ധതി നടപ്പിലാക്കും.അങ്കന്‍വാടികള്‍ കേന്ദ്രീകരിച്ച് ഗാന്ധി ജയന്തി ദിനാചരണം നടത്തും.ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പരവനടുക്കത്തെ ഗവണ്മെന്റ് വൃദ്ധ സദനവും പരിസരവും വൃത്തിയാക്കും.കെ എസ് ആര് ടി ഓഫീസുകളും വൃത്തിയാക്കും ഫിഷറീസ് വകുപ്പിന്റെയും ഡിടിപിസിയുടെയും നേതൃത്വത്തില്‍ കടലോരമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യും.കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 10 സ്കൂളുകളില്‍ വിവിധ പരിപാടികള്‍ നടത്തും.
സ്കൂളുകളിലും കോളേജുകളിലും സെമിനാറുകള്‍, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, റോഡ് സുരക്ഷാ ബോധവത്കരണം, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്കിനെതിരെയുള്ള ബോധവത്കരണം,മെഡിക്കല്‍ ക്യാമ്പ്,പോസ്റ്റര്‍ രചന,ബോധവത്കരണ വീഡിയോ നിര്‍മ്മാണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രണങ്ങള്ക്കെതിരെയുള്ള ബോധവത്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍,ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, പരിസ്ഥിതി ശുചീകരണം, ജലസ്രോതസുകളുടെ സംരക്ഷണം, സര്‍ക്കാര്‍ ഓഫീസുകളുടെയും പരിസരങ്ങളുടെയും ശുചീകരണം, വനവത്ക്കരണം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചരണം, ചിത്രപ്രദര്‍ശനം, പ്രഭാഷണ പരമ്പര എന്നിവ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി റഷീദ് ബാബു, ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രമണ്യന്‍, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ പി വി ജസീര്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി പി സുകുമാരന്‍ ,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.