മോടി പിടിപ്പിക്കില്ല, ഫർണിച്ചർ വാങ്ങില്ല, ശൂന്യ വേതന അവധി ചുരുക്കി; ചെലവ് ചുരുക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്.
ഔദ്യോഗിക ചർച്ചകളും പരിശീലനങ്ങളും ഓൺലൈൻ യോഗങ്ങളിൽ മാത്രമായി നിശ്ചയിച്ചു. 20 വർഷം വരെയുള്ള ശൂന്യ വേതന അവധി അഞ്ച് വർഷമായി ചുരുക്കി, അഞ്ച് വർഷത്തിൽ അധികം അവധി നീണ്ടാൽ ഡീമ്ഡ് റെസിഗ്നേഷനായി പരിഗണിക്കും, സർക്കാർ വാഹനങ്ങൾക്കും വാടക വാഹനങ്ങൾക്കും വെബ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.