പിണറായിയുടെ അഡീ. പി എസ് സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്; ഗുരുതര ആരോപണവുമായി
ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സി എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന് പുത്തലത്തും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. എല്ലാ അഴിമതികളും അറിയാവുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇവര്‍. സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തെ ജീവനോടെ വേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണ്. രവീന്ദ്രന്റെ ജീവന് സുരക്ഷ നല്കാന് അടിയന്തര നടപടിയുണ്ടാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.സി എം രവീന്ദ്രന്റെ സുരക്ഷ ഉറപ്പാക്കണം. സി പി എം എന്തും ചെയ്യാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ്. രവീന്ദ്രന്റെ ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം. പൊലീസും മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത് കേവലം സംശയമല്ല, തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.കേരളത്തിലും ബി ജെ പി അധികാരം നേടുമെന്ന് പറഞ്ഞ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാകുമെന്ന് അവകാശപ്പെട്ടു. കേരളത്തില്‍ മാത്രമല്ല പശ്ചിമ ബംഗാളിലും ബി ജെ പി അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്നാണ് ഓരോ കാര്യങ്ങളും തെളിയിക്കുന്നത്. സെക്രട്ടറിയേറ്റിലെ തീപിടിത്തം അട്ടിമറിയാണ്. മുഖ്യമന്ത്രി ഭരണ സംവിധാനം ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.