ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അര്‍ദ്ധരാത്രിയില്‍ 19കാരൻ പയ്യന്നൂരില്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി
പയ്യന്നൂര്‍:ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അര്‍ദ്ധരാത്രി കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ യുവാവ് പൊലീസ് പിടിയിലായി. നീലേശ്വരം സ്വദേശിയായ 19 കാരന് ആണ് ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകിയെ അന്വേഷിച്ച് പയ്യന്നൂരില്‍ എത്തിയത്.
ഒളവറ സ്വദേശിയായ പതിനാറുകാരിയുമായി യുവാവ് ഫോണ്‍ വഴിയാണ് പ്രണയത്തിലായത്. പ്രണയം തീവ്രമായ സാഹചര്യത്തിൽ കാമുകിയെ കാണാൻ തീരുമാനിച്ച യുവാവ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യുവതിയുടെ വീട്ടില്‍ രാത്രി എത്താനായിരുന്നു പദ്ധതി.
ഇതിനിടെയാണ് അര്‍ദ്ധരാത്രി പയ്യന്നൂരില്‍ കറങ്ങി നടക്കുന്ന യുവാവിനെ കണ്ടപ്പോള്‍ സംശയം തോന്നിയ പോലീസ് പിടികൂടി ചോദ്യം ചെയ്ത് തുടങ്ങി. ഇതിന് കൃത്യമായി ഉത്തരം പറയാന്‍ യുവാവിന് കഴിയാതായതോടെപോലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചാണ് യുവാവ് തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
യുവാവ് പറഞ്ഞ കഥ ആദ്യം വിശ്വസിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ രാത്രി 1.45 ആയതോടെ കാമുകിയുടെ ഫോണ്‍ വന്നു. യുവാവിന്റെ ഫോണ്‍ വാങ്ങി പോലീസ് അറ്റന്‍ഡ് ചെയ്തതോടെയാണ് തീവ്ര പ്രണയത്തിന്റെ വാസ്തവം ബോധ്യപ്പെട്ടത്.
കാമുകന്റെ വരവും കാത്തിരിക്കുകയായിരുന്നു പതിനാറുകാരി. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും ലഭിച്ചു.
യുവാവിന്റെ പ്രണയം സത്യമാണെന്ന് വ്യക്തമായതോടെ പൊലീസ് അര്‍ദ്ധരാത്രി സംശയാസ്പദമായ രീതിയില്‍ കറങ്ങി നടന്നാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തി. കാര്യമായ ഉപദേശം നല്കിയ ശേഷം 19കാരനെ വിട്ടയച്ചു.