പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ ദുരന്തം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവാവിനും പ്രതിശ്രുത വധുവിനും ദാരുണാന്ത്യം
മൈസൂരു: കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്. കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോര്‍ട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകള്‍ താമസക്കാര്‍ക്ക് മാത്രമെ നല്കു എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയില്‍ സഞ്ചരിക്കാനിറങ്ങുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഇരുവരുടെയും ചിത്രങ്ങളും പകര്‍ത്താന്‍ തുടങ്ങി. കരയില്‍ നിന്നും 10-15 മീറ്റര്‍ ദൂരത്തെത്തിയപ്പോള്‍ യുവാവ് വഞ്ചിക്കുള്ളില്‍ എഴുന്നേറ്റ് നില്ക്കാന് ശ്രമിച്ചു. ഇതാണ്fc ദുരന്തത്തില്‍ കലാശിച്ചത്. വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തല്‍ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താണു. വഞ്ചി തുഴഞ്ഞിരുന്നയാള്‍ നീന്തി കരയ്ക്കു കയറുകയും ചെയ്തു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാവേരി നദിയിലെ കുട്ടവഞ്ചി സഞ്ചാരം സംബന്ധിച്ച് പൊലീസ് പലതവണ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പലസ്ഥലങ്ങളിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടവഞ്ചി മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ പതിവായതോടെയാണ് നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പ് നല്കി പൊലീസ് ഇത്തരം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.