കമ്മട്ടിപാടവും ചാര്‍ളിയുമെല്ലാം കുറേ കണ്ടതാണ്… ഇനി ബഹിഷ്കരിക്കും.മന്ത്രി ശൈലജയുടെ ചിത്രം പ്രൊഫൈല്‍ പിക് ആക്കിയ ഫഹദിനെതിരെ തീവ്ര വലതുപക്ഷ ഭീഷണി
കൊച്ചി :വോഗ് ഇന്ത്യ’യുടെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ സീരീസില്‍ ഇടം നേടിയ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ചിത്രം മാസികയില്‍ വന്നത് നടന് ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രമാക്കിയത് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അത്രകണ്ട് പരസ്യമാക്കാത്ത ഫഹദ് ഇപ്പോള്‍ ഈ നിലപാട് കൈകൊണ്ടത് പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.സ്ത്രീപക്ഷരാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള തന്റെ നിലപാട് പരസ്യമാക്കിയതില്‍ നിരവധി പേരാണ് നടനെ പ്രശംസിച്ചുകൊണ്ട് കമന്റ് ബോക്സില്‍ എത്തിയത്. എന്നാല്‍ ഇതില്‍ കുറച്ച് പേര് നടനെ വിമര്‍ശിക്കുന്നുമുണ്ട്. വലതുപക്ഷ, തീവ്ര വലതുപക്ഷ നിലപാടുകളാണ് ഇത്തരക്കാര്‍ തങ്ങളുടെ കമന്റുകളിലൂടെ വ്യക്തമാക്കുന്നത്. ഫഹദിന്റെ ചിത്രങ്ങള്‍ ഇനി മുതല്‍ ആരും കാണാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്.തങ്ങള്‍ വിചാരിച്ചാല്‍ ഫഹദിന്റെ ചിത്രങ്ങളുടെ റിലീസുകള്‍ തടയാനാകുമെന്നും ഇവര്‍ കമന്റ് ബോക്സില്‍ ഭീഷണി മുഴക്കുന്നുണ്ട്. ഒപ്പം രസകരമായ സര്‍ക്കാസ്റ്റിക് കമന്റുകളും ചിലര്‍ ഫഹദിന് പോസ്റ്റിനു കീഴില്‍ ഇടുന്നുണ്ട്. ‘തന്റെ കമ്മട്ടിപാടവും ചാര്‍ളിയുമെല്ലാം എത്രതവണ കണ്ടതാണ്… ഇനി കാണില്ല’ എന്നാണ് ഇക്കൂട്ടത്തില്‍ ഒരു വിദ്വാന് കമന്റിട്ടിരിക്കുന്നത്. ‘താങ്കളുടെ ഈ പ്രവൃത്തി കാരണം എനിക്ക് നസ്രിയയോടുള്ള ഇഷ്ടവും പോയി’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.