യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം
വിജയ് നായരെ ആക്രമിച്ചത് സ്ത്രീ കൾക്ക് വേണ്ടിയെന്ന് പ്രതികൾ
തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുന്‍കൂര്‍ ജാമ്യം. വിജയ് പി.നായരെ വീട്ടില്‍ കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കോടതിയ സമീപിച്ചിരുന്നു.
നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചത്.അതേസമയം, അതിക്രമവും മോഷണവും ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏല്പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന് നിഷേധിച്ചു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന് പറഞ്ഞു.
അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു വാദം കേള്‍ക്കവേ കോടതിയുടെ പ്രതികരണം.
ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ പേരില്‍ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.