ഹൈദരാബാദ്:ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപി സഖ്യത്തെ കടപുഴക്കി എസ്എഫ്ഐ സഖ്യത്തിന് വന്‍ വിജയം. എല്ലാ സീറ്റിലും എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന് (എഎസ്എ), ദലിത് സ്റ്റുഡന്‍സ് യൂണിയന് (ഡിഎസ്യു), ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന് (ടിഎസ്എഫ്) സഖ്യമാണ് വിജയിച്ചത്. നിലവില്‍ വിദ്യാര്ത്ഥിയൂണിയന് നയിക്കുന്ന എബിവിപിയെ അട്ടിമറിച്ചാണ് എസ്എഫ്ഐ സഖ്യം വിജയക്കൊടി പാറിച്ചത്.
വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായി എസ്എഫ്ഐയുടെ അഭിഷേക് നന്ദന് തെരഞ്ഞെടുക്കപ്പെട്ടു. അഭിഷേകിന് 2205 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ എബിവിപിയുടെ ഫാനി കൃഷ്ണയ്ക്ക് 1095 വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എം ശ്രീചരണ്‍ (ഡിഎസ്യു) 1843 വോട്ടുകള്‍ക്ക് വിജയിച്ചു. എബിവിപി സഖ്യത്തിന്റെ ലീല കൃഷ്ണന് 1164 വോട്ടുമായി രണ്ടാമതെത്തി. ജനറല്‍ സെക്രട്ടറിയായി ഗോപി സ്വാമി (എഎസ്എ) 2039 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എബിവിപി സഖ്യത്തിന്റെ ദീരേന്ദ്രസാഹുവിന് 1163 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപ് (ടിഎസ്എഫ്) 2040 വോട്ടുകള്‍ക്ക് വിജയിച്ചു. എബിവിപി സഖ്യത്തിന്റെ കുമാര്‍ രാഗവത് 1124 വോട്ടുകള്‍ നേടി രണ്ടാമതെത്തി. കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രിയങ്ക (എഎസ്എ) 1898 വോട്ടുകള്‍ക്ക് ജയിച്ചു. എബിവിപി സഖ്യത്തിന്റെ റിയോന 1105 വോട്ടുകള്‍ നേടി. സ്പോര്‍ട് സെക്രട്ടറിയായി സോഹേല്‍ അഹമ്മദ് (എസ്എഫ്ഐ) 1776 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, ബിഎസ്എഫിന്റെ അഞ്ചി 1151 വോട്ടുകള്‍ നേടി രണ്ടാമതെത്തി.
എബിവിപി, ഒബിസിഎഫ്, എസ്എല്‍വിഡി എന്നീ സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്. എംഎസ്എഫ്, ഫ്രട്ടേണിറ്റി സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. ദളിത്പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ക്യാമ്പസ് പേരാട്ടം തുടരുകയാണെന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പുഫലം അടിവരയിടുന്നത്.