കണക്കില്‍പ്പെടാത്ത കോടികള്‍ കണ്ടെത്തിയതോടെ അച്ചൻ നിയന്ത്രണം വിട്ടു,ഫോൺ തട്ടിപ്പറിച്ച് ഓടി ബിലിവേഴ്സ് ആസ്ഥാനത്ത്റെയ്ഡിനിടെ നടന്നത് സിനിമയെ വെല്ലും രംഗങ്ങള്‍
തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ നടന്നത് സിനിമകളെ വെല്ലുന്ന സംഭവങ്ങള്‍. കണക്കില്‍പ്പെടാത്ത കോടികള്‍ കണ്ടെത്തിയതോടെ ബലംപ്രയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനുളള ശ്രമങ്ങള്‍ ഉള്‍പ്പടെയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായത്. റെയ്ഡിന്റെ ആദ്യദിവസം സഭയുടെ വക്താവും മെഡിക്കല്‍കോളേജിന്റെ മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്ന് വ്യക്തമായതോടെയായിരുന്നു ഇത്. പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണും തട്ടിപ്പറിച്ചെടുത്ത് ബാത്ത്റൂമിലേക്ക് ഓടി. തറയില്‍ ഫോണ്‍ എറിഞ്ഞുടച്ച് ഫ്ളഷ് ചെയ്യാനായിരുന്നു ശ്രമം. എന്നാല്‍ കൂടെയെത്തിയ ഉദ്യോഗസ്ഥര്‍ ഇത് വിഫലമാക്കി. അവര്‍ വൈദികനെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി ഫോണ്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. തകര്‍ന്ന ഫാേണിലുണ്ടായിരുന്ന സകല ഡേറ്റകളും ഉദ്യേഗസ്ഥര്‍ വീണ്ടെടുത്ത് ശേഖരിച്ചിട്ടുണ്ട്. ഇത് ഉടന്‍തന്നെ വിശദമായി പരിശോധിക്കും.റെയ്ഡിനിടെ പിടിച്ചെടുത്ത നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമമുണ്ടായി. ഒരു ജീവനക്കാരിയാണ് ഇതിന് ശ്രമിച്ചത്. ഇതും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. മൂന്നുദിവസം നീണ്ടുനിന്ന റെയ്ഡ് പൂര്‍ത്തിയായപ്പോള്‍ ആറായിരം കോടിരൂപ വിദേശത്തുനിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സഹായമായി ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് വഴിമാറ്റിയെന്നും വ്യക്തമായിട്ടുണ്ട്. റെയ്ഡിനിടെ പതിനാലരക്കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി ചര്‍ച്ചിന്റെ കീഴിലുളള ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡല്‍ഹി ഉള്‍പ്പടെയുളള മറ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടികള്‍ കണ്ടെത്തിയതോടെ ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും വിദേശത്തുനിന്ന് ഇന്ത്യയിലെത്തിക്കാനുളള നീക്കങ്ങള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 20016ല്‍ ബിലിവേഴ്സിന്റെ എഫ് സി ആര് എ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ട്രസ്റ്റുകള്‍ രൂപീകരിച്ച് രജിസ്ട്രേഷന് നേടാന്‍ ശ്രമിച്ചതായും അമേരിക്കന്‍ സര്‍ക്കാര്‍ 200 കോടി രൂപ ബിലിവേഴ്സിന് പിഴയിട്ടിരുന്നുവെന്നും ആദായ നികുതി വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്.