പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ഐ.എ.എസ് വലിച്ചെറിഞ്ഞ മുൻ മംഗളൂരു ജില്ലാ കളക്ടർ ശശികാന്ത് സെന്തില്‍ കോണ്‍ഗ്രസില്‍ ചേർന്നു
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഐ.എ.എസ് പദവി രാജിവെച്ച് വിവാദനായകനായ എസ്. ശശികാന്ത് ശെന്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഉച്ചക്ക് തമിഴ്നാട് കോണ്‍ഗ്രസ് ആസ്ഥാനമായ ചെന്നൈയിലെ സത്യമൂര്ത്തിഭവനില് നടന്ന ചടങ്ങിലാണ് ശെന്തില്‍ അംഗത്വം സ്വീകരിച്ചത്.
എ.ഐ.സി.സി സെക്രട്ടറി സഞജയ്ദത്ത്, തമിഴ്നാടിന്റെ ചുമതലയുള്ള ദിനേഷ് ജി. റാവു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അളഗിരി അധ്യക്ഷത വഹിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനാധിപത്യ വിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും ആസന്നമായ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ-കോണ്‍ഗ്രസ് മുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ശെന്തില്‍ അറിയിച്ചു.
കാഞ്ചിപുരം മാത്തൂര്‍ സ്വദേശിയായ ശെന്തില്‍ ദക്ഷിണ കന്നടയില്‍ ഡെപ്യൂട്ടി കമീഷണറായിരിക്കെ 2019 സെപ്റ്റംബറിലാണ് രാജിവെച്ചത്.