ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയില്‍ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി
പാലക്കാട്: പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ മുഖ്യവില്‍പ്പനക്കാരനായ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി വെങ്കടേശ്ശരലു റെഡ്ഡി, ഡ്രൈവറും സഹായിയും ആയ തമിഴ്നാട് സേലം സ്വദേശി വിനോദ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു വരുന്നുവെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമില്‍ കഞ്ചാവ് പാര്‍സലുകള്‍ അടുക്കി വച്ച് അതിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകള്‍ നിരത്തി മറച്ചു വെക്കുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കാന്‍ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പാലക്കാട് എസ്.പി സുജിത് ദാസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. അരക്കു വനമേഖലയില്‍ വിളവെടുത്ത കഞ്ചാവാണിത്.
കോവിഡ് കാലമായതിനാല്‍ ട്രെയിന്‍ ഗതാഗതം നിന്നതോടെ ലോറികളില്‍ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീന്‍ ലോറികളിലും പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളില്‍ പിടികൂടിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്നുവരുന്ന പ്രത്യേക വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ മിനിലോറിയെ പിന്തുടര്ന്ന് പിടി കൂടുകയായിരുന്നു.