തൃശ്ശൂര്‍:ഒക്ടോബര്‍ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എഞ്ചിനീയറും സര്‍വീസില്‍ ഉണ്ടാകില്ലെന്നും ആരെ വേണമെങ്കിലും സസ്പെന്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തിയായ തൃശ്ശൂര്‍ പുഴയ്ക്കല്‍ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റോഡുകളെ ഒരു കേടുപാടില്ലാതെ സൂക്ഷിക്കാന്‍ സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ വിചാരിച്ചാല്‍ സാധിക്കും. പണിയെടുക്കാത്ത ഒരു വിഭാഗവും നടത്തി കൊണ്ടു പോകാന്‍ കഴിയാത്ത ഒരു വകുപ്പും സംസ്ഥാനത്ത് ആവശ്യമില്ല. വകുപ്പില്‍ 1400 എഞ്ചിനീയര്‍മാരുണ്ട്. ഈ പട ഇറങ്ങിയാല്‍ ഒരു ദിവസം കൊണ്ട് റോഡ് തകര്‍ച്ച പരിഹരിക്കേണ്ടതല്ലേ. ഏത് സര്‍ക്കാര്‍ വന്നാലും ഞങ്ങള്‍ക്ക് സൗകര്യമുള്ളതുപോലെ ചെയ്യും എന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കുണ്ടും കുഴിയുമുള്ള റോഡിന്റെ മുമ്ബില്‍ ഓഫീസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്കാന് മന്ത്രി മറന്നില്ല. കോണ്ട്രാക്ടര്മാരുടെ പഴയ കളിയൊന്നും നടക്കില്ല. ചരിത്രത്തിലാദ്യമായി ഒരു കോണ്ട്രാക്ടര് ജയിലില്‍ കിടക്കുന്നത് അറിയാമല്ലോ ഇത് എല്ലാവര്ക്കും ബാധകമാണ്. പോലീസ് വിജിലന്‍സ് വരെ റോഡിലിറങ്ങുന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
നാണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഒരു ഭീകരനാണ്. ഭരണഘടന അവര്‍ക്ക് ബാധകമല്ലെന്നാണ് ഭാവം. എനിക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് വടക്കേ ഇന്ത്യയിലാണ്. ആകെ ചെയ്യാനാകുന്നത് കേരളത്തിലെ ടെന്‍ഡറില്‍ നിന്നു വിലക്കാവുന്നതാണ്. പക്ഷേ ഉടനെ കോടതി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.