ദുബായ്: ലോക ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല് തീര്‍ത്ത് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂര്‍ത്തിയായതെന്നാണ് കമ്ബനി അറിയിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഡിപി വേള്‍ഡ് പ്രധാന നിക്ഷേപകരായ യു.എസ് കമ്ബനിയുടെ നേതൃത്വത്തിലാണ് ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്.
നെവാഡയിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ വരുന്ന ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് പരീക്ഷണം നടന്നത്. വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയന്‍ എന്നിവരാണ് മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തില്‍ പങ്കെടുത്തത്. നെവാഡയിലെ ഇതേ സ്ഥലത്ത് മനുഷ്യരെക്കൂടാതെ 400ലധികം പരീക്ഷണങ്ങള്‍ കമ്ബനി നേരത്തെ നടത്തിയിട്ടുണ്ട്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഡിപി വേള്‍ഡ് സി.ഇ.ഒയും ഗ്രൂപ്പ് ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലേം ലാസ് വേഗാസില്‍ നടന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചരിത്ര നിമിഷം കണ്മുന്നില് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്നാണ് പരീക്ഷണത്തിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്.
”ഈ സാങ്കേതികവിദ്യയെ ഒരു സുരക്ഷിത സംവിധാനമാക്കി മാറ്റുമെന്നതില്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ടീമില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്, ഇന്ന് ഞങ്ങള്‍ അത് ചെയ്തു. ആളുകളുടെയും ചരക്കുകളുടെയും അതിവേഗ, സുസ്ഥിര മുന്നേറ്റത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടക്കുന്നതിലേക്ക് ഞങ്ങള്‍ ഒരു പടി അടുത്തു’ സുല്‍ത്താന്‍ അഹമദ് പറഞ്ഞു.
ബുള്ളറ്റ് ട്രെയിനുമായി സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന യാത്രാ സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ജെറ്റ് വിമാനത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിനായി ഇവയെ കണക്കാക്കാം. എന്നാല്‍ റെയില്‍ പാളത്തിന് പകരം നീളമുള്ള ഒരു ട്യൂബിലൂടെ ആണ് ഹൈപ്പര്‍ലൂപ്പ് യാത്ര എന്നതാണ് ഇതിന്റെ പ്രത്യേകത. അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ട്യൂബാണ് ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യ.രണ്ടു സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറഞ്ഞ മര്‍ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണിത്. ട്രെയിന്‍ കോച്ചിന്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാബിനിലാണ് ഇതില്‍ യാത്ര ചെയ്യുക. യാത്രികര്‍ക്കൊപ്പം ചരക്ക് നീക്കത്തിലും സുപ്രധാനമായ നാഴികക്കല്ലായി ഹൈപ്പര്‍ലൂപ്പ് മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മുന്‍ഗണനയുള്ളതും അവശ്യവിഭാഗങ്ങളില്‍പ്പെടുന്നതുമായ സാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.