ചൈനയ്ക്ക് തിരിച്ചടികള്‍ നല്‍കുമെന്ന് വീണ്ടും ട്രംപ്
വാഷിങ്ടൺ :ഭരണത്തുടര്‍ച്ചയെന്ന സുന്ദര സ്വപ്നം അമേരിക്കക്കാര്‍ ഇല്ലാതാക്കിയെങ്കിലും അതിന്റെയെല്ലാം ദേഷ്യം ട്രംപ് തീര്‍ക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകള്‍. സ്ഥാനമൊഴിയും എന്ന സൂചന ഇനിയും നല്‍കാത്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ചൈനയ്ക്കെതിരെ നടപടികളെടുക്കാന്‍ സമയമുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ബാധിക്കുന്നത് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാവും. ലോകരാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നതിലേക്ക് അദ്ദേഹത്തിന് അക്ഷീണം പ്രയത്നിക്കേണ്ടിവരും എന്നത് തന്നെ കാരണം.പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ട്രംപ് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതില്‍ ആദ്യത്തേത് ലോകം മുഴുവന്‍ കൊവിഡ് പരത്തിയതിന്റെ ഉത്തരവാദി ചൈനയെന്നതിലാണ്. കൊവിഡിനെ ചൈനാവ്യാധി എന്ന് ആദ്യം വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ പേരിലാണ് ലോക ആരോഗ്യ സംഘടനയെ പോലും രൂക്ഷമായി വിമര്ശിക്കുവാന് മുതിര്‍ന്നത്. രണ്ടാമതായി അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്കുണ്ടായ ക്ഷീണവും ചൈനയുടെ തലയിലാക്കുവാനാണ് ട്രംപ് താത്പര്യപ്പെടുന്നത്. കൊവിഡ് കാലഘട്ടത്തിന് മുന്‍പ് ചൈനയുമായി വ്യാപര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്ക ഏകപക്ഷീയമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.