തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് കൊവിഡ്; താരം വീട്ടിൽ ക്വാറന്റൈനിൽ
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ ചിത്രമായ ‘ആചാര്യ’യുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് ചിരഞ്ജീവിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ ക്വാറന്റൈനിലാണ് താരം. താനുമായി ബന്ധം വന്നവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന് നടൻ അഭ്യർത്ഥിച്ചു 2020സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ അടുത്ത ചിത്രമായിരുന്നു ‘ആചാര്യ’. മാർച്ച് മാസത്തിൽ ഷൂട്ടിംഗ് തുടങ്ങാനിരുന്നെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ച് നിർത്തിവച്ചു. പിന്നീട് ചിത്രീകരണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ചിരഞ്ജീവിക്ക് തന്നെ കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതോടെ നിൽക്കുമെന്ന് ഉറപ്പായി.ചിത്രീകരണം ആരംഭിക്കും മുൻപ് തന്നെ വിവാദങ്ങൾ ‘ആചാര്യ’ ചിത്രത്തിന് വിലങ്ങുതടിയായിരുന്നു. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന തൃഷ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിൽ നിന്ന് പിന്മാറി. തിരക്കഥ മോഷണമാണെന്ന വിവാദവുമുണ്ടായി. രാജേഷ് മണ്ഡൂരി എന്നയാൾ തന്റെ സ്ക്രിപ്റ്റിൽ നിന്നാണ് ആചാര്യയുടെ കഥ എഴുതിയിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവിമേക്കേഴ്സ് ഈ വാദം തളളി.ചിരഞ്ജീവിയെ കൂടാതെ കാജൽ അഗർവാൾ, രാം ചരൺ,സോനു സൂദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.